Monday, April 9, 2012

Kanmashi-madhyamam

http://www.madhyamam.com/weekly/1222

ചില ആഫ്രിക്കന്‍ ഗുണപാഠങ്ങള്‍(kanmshi-madhyamam)

കല്യാണമെങ്ങാനും കഴിച്ചുപോയാല്‍ ഗവേഷണമാകെ തകിടംമറിഞ്ഞതുതന്നെയെന്ന് കരുതിയിരുന്ന ഗവേഷകഹോസ്റ്റലിലെ ഞാനുള്‍പ്പെടെയുള്ള ന്യൂനപക്ഷത്തിന്‍െറ ഇടയിലേക്കാണ് ഒരു പ്രതിഭാസംപോലെ അവര്‍ കടന്നുവന്നത് -ജെസിക്ക മുത്തി. മാസത്തില്‍ ഒരിക്കല്‍ വീട്ടില്‍പോയാലും ഗവേഷണത്തില്‍ മുഴുകാനുള്ള വിലപ്പെട്ട സമയം കുറഞ്ഞുപോകുമെന്ന് ആകുലപ്പെട്ടിരുന്നവര്‍ക്കിടയില്‍, ഇന്ത്യയില്‍ ഉണ്ടായിരുന്ന മൂന്നു-മൂന്നര വര്‍ഷത്തിനിടയില്‍ നാലോ അഞ്ചോ തവണ കെനിയക്ക് പറന്ന, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തിയ ജെസിക്കയൊരു അദ്ഭുതമായിരുന്നു.

ആഫ്രിക്കയുടെ കിഴക്കുഭാഗത്താണ് കെനിയ. ഇന്തോ-കെനിയന്‍ സര്‍ക്കാറുകളുടെ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി, കെനിയന്‍ സര്‍ക്കാറിന്‍െറ ഫെലോഷിപ്പോടുകൂടി കേരള സര്‍വകലാശാലയില്‍ മന$ശാസ്ത്ര വകുപ്പില്‍ ഗവേഷണത്തിനെത്തിയ, നൈറോബിയില്‍നിന്നുള്ള ജെസിക്ക മുത്തി- മൂന്നു കുട്ടികളുടെ അമ്മയായ, നാല്‍പത്തഞ്ചോടടുത്ത് പ്രായമുള്ള ലെക്ചറര്‍.

ഹൈസ്കൂള്‍ ടീച്ചറായി ഔദ്യാഗിക ജീവിതം ആരംഭിച്ച്, കോളജ് ലെക്ചററും യൂനിവേഴ്സിറ്റി അധ്യാപികയുമായി ഉയര്‍ന്ന ജെസിക്കയുടെ കുടുംബം കെനിയയില്‍ വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവും മൂന്നു മക്കളും അടങ്ങുന്നതാണ്. റെസിഡന്‍ഷ്യല്‍ പഠനസമ്പ്രദായമായതുകൊണ്ട് ആണ്‍മക്കള്‍ രണ്ടും ഹോസ്റ്റലില്‍. കൂടെ മകള്‍ മാത്രം. എന്‍െറ കുടുംബത്തിനെന്നെ ആവശ്യമുണ്ടെന്നുപറഞ്ഞ് ഗവേഷണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തിടുക്കംകൂട്ടുന്ന ജെസിക്കയില്‍ ഞങ്ങള്‍ നല്ലൊരു അമ്മയെ കാണുകയായിരുന്നു.

മികച്ച ഇംഗ്ളീഷ് ഉച്ചാരണവും ഒഴുക്കുള്ള സംഭാഷണശൈലിയുമായി ജെസിക്ക വളരെവേഗം ഞങ്ങളോട് അടുത്തു. പിന്നീടുള്ള ദിവസങ്ങളില്‍ മുഴുവന്‍ തുറക്കാത്ത കണ്ണുകളുമായി രാവിലെ മെസ് ഹാളിലേക്ക് നടക്കുന്ന എന്നെ ഉറക്കത്തില്‍നിന്ന് ഉണര്‍ത്തിയിരുന്നത് ഇടനാഴിയിലും പടികളിലുംവെച്ച് കണ്ടുമുട്ടുന്ന ജെസിക്കയുടെ പ്രഭാതവന്ദനങ്ങളായിരുന്നു. ആയിരം പിന്നല്‍ തലമുടിയുമായി കെനിയയില്‍നിന്നെത്തിയ ജെസിക്ക, അതുപോലെ തുടര്‍ന്നും പിന്നാന്‍ തിരുവനന്തപുരത്ത് ആളെക്കിട്ടാതെ വന്നപ്പോള്‍ തലമുടി മുറിച്ചത് ആദ്യതവണ നാട്ടില്‍പോയി വന്നപ്പോഴാണെന്ന് തോന്നുന്നു. കേരളത്തിലെ കാലാവസ്ഥയും എരിവും പുളിയും അധികമുള്ള ഭക്ഷണവും ശരിക്കും തുടക്കത്തില്‍ അവര്‍ക്ക് ഒരു വെല്ലുവിളിതന്നെയായിരുന്നു. എന്നിട്ടും നമ്മുടെ ബസ്മതി അരിയോട് സാമ്യമുള്ള കെനിയന്‍ അരിയെ മറന്ന്, ജയ-സുലേഖ അരികളോട് പൊരുത്തപ്പെട്ടുകൊണ്ട് ജെസിക്ക ഞങ്ങളുടെ നഗരത്തോട് ചങ്ങാത്തത്തിലായി -പ്രത്യേക പരിഗണന നല്‍കി വെജും നോണ്‍വെജും ഒരുമിച്ച് വിളമ്പി അവരെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ മുന്‍കൈയെടുത്തത് ഞങ്ങളുടെ ഹോസ്റ്റലും.

ജെസിക്കയുമായി അടുത്തിടപഴകിത്തുടങ്ങിയ നാളുകളൊന്നില്‍ അവരുടെ മുറി സന്ദര്‍ശിച്ചപ്പോള്‍ മേശപ്പുറത്തുകണ്ട കെനിയന്‍ ദേശീയപതാകയില്‍ (ടേബ്ള്‍ ഫ്ളാഗില്‍) തുടങ്ങിയതാണ് അവരോടുള്ള അദ്ഭുതം കലര്‍ന്ന ആദരം- സഞ്ചരിക്കുന്ന രാജ്യങ്ങളിലൊക്കെയും സ്വന്തം ദേശീയപതാക കൂടെക്കരുതുന്ന വനിതാരത്നം. രണ്ടു മക്കള്‍ക്കു പുറമെ, മൂന്നാമതൊരു കുട്ടിയെക്കൂടി എടുത്തുവളര്‍ത്തുന്നു ജെസിക്ക എന്നറിഞ്ഞപ്പോള്‍ അവരോടുള്ള ബഹുമാനം ഇരട്ടിച്ചു. തനി ആഫ്രിക്കന്‍ ശരീരപ്രകൃതത്തിലും വെള്ളിമൊട്ടു കമ്മലുകളും നേര്‍ത്ത സ്വര്‍ണമാലയും കുറച്ച് ജോടി വസ്ത്രങ്ങളുമായി അവര്‍ അധ്യാപകര്‍ക്ക് അനുഗമിക്കാവുന്ന മിതത്വത്തിന് ഉദാഹരണമായിരുന്നു. പാശ്ചാത്യ സംസ്കാരത്തിലെ നിഷേധാത്മക വശങ്ങളോടുള്ള വിരോധം മറ്റു സംസ്കാരങ്ങളിലേക്കുള്ള അവയുടെ കടന്നുകയറ്റത്തിനെതിരെയുള്ള അതൃപ്തി- ഇവയൊക്കെ പരസ്യമായി പ്രകടിപ്പിക്കുന്ന ജെസിക്ക, ഒന്നാന്തരമൊരു പാരമ്പര്യവാദികൂടിയാണ്. അപ്പോഴും ഇന്ത്യന്‍ സംസ്കാരത്തോടും ഇവിടെ പരിചയപ്പെടാന്‍ ഇടവന്ന എല്ലാ നല്ല മനുഷ്യരോടുമുള്ള തന്‍െറ പ്രത്യേക താല്‍പര്യം സൂചിപ്പിക്കാന്‍ അവര്‍ മറക്കില്ലായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തന്‍െറ ആഫ്രിക്കന്‍, ഇന്ത്യന്‍ സുഹൃത്തുക്കളുടെ ഗതികേടിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതില്‍ ആ നാടുകളിലെ പ്രാഥമിക വിദ്യാഭ്യാസത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയെക്കുറിച്ചുള്ള ഒരു അധ്യാപികയുടെ വേദന നാം വായിച്ചെടുക്കുന്നു- ഒപ്പം അവിടത്തെ പരിതോവസ്ഥകളില്‍ അധ്യാപകരുടെ നിസ്സഹായാവസ്ഥയും ഭേദപ്പെട്ട പ്രതിഫലമെന്ന പ്രലോഭനത്തിന്‍െറ പ്രേരണയും.

2009 ഡിസംബറില്‍ കാര്യവട്ടം കാമ്പസില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് നടക്കുന്നതിന്‍െറ മുന്നോടിയായി വിദ്യാര്‍ഥികളെല്ലാം ഹോസ്റ്റല്‍ ഒഴിഞ്ഞുകൊടുക്കേണ്ടിവന്നപ്പോള്‍, യൂനിവേഴ്സിറ്റി അധികാരികള്‍ വാഗ്ദാനം ചെയ്ത സിറ്റിയിലെ താമസസൗകര്യങ്ങളൊക്കെ വേണ്ടെന്നുവെച്ച്, നൂറു മുറികളോളമുള്ള ഗവേഷക ഹോസ്റ്റലും ഇടിഞ്ഞുപൊളിഞ്ഞ പി.ജി ഹോസ്റ്റലുമെല്ലാം ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ ഹോസ്റ്റല്‍ സമുച്ചയത്തിനുള്ളില്‍, തനിച്ചൊരു മുറിയില്‍, സ്വയം നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കാനുള്ള ഗവേഷണ ജോലികളില്‍ മുഴുകിയ ജെസിക്ക, ഞങ്ങളുടെ കണ്ണില്‍ ഒരു പ്രസ്ഥാനമായി മാറുകയായിരുന്നു (അക്കൊല്ലം പുതുവര്‍ഷം ആഘോഷിക്കാനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരുവനന്തപുരത്ത് ഒത്തുകൂടിയ കെനിയന്‍ സുഹൃത്തുക്കളുടെ ക്ഷണവും ചെയ്തുതീര്‍ക്കാനുള്ള ജോലികളുടെ പേരില്‍ അവര്‍ നിരസിച്ചു എന്നാണ് പറയുകയുണ്ടായത്). ഗവേഷണംപോലെ, മൂന്നു മുതല്‍ പത്തുവരെയുള്ള വര്‍ഷങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും തീര്‍ന്നേക്കാവുന്ന ഒരു ദീര്‍ഘകാല പദ്ധതിയില്‍, സെമസ്റ്റര്‍-ടേം പരീക്ഷകള്‍ക്കൊരുങ്ങുന്ന കുട്ടികളുടെ കണിശതയോടെ, സമയബന്ധിതമായി ജോലികള്‍ ചെയ്തുതീര്‍ത്തുകൊണ്ടിരുന്ന ജെസിക്ക, മൂന്നാം വര്‍ഷത്തിനൊടുവില്‍ തീസിസ് സമര്‍പ്പിച്ചുകൊണ്ട് ഞങ്ങളെയൊക്കെ അദ്ഭുതപ്പെടുത്തി, എന്നു പറയുമ്പോഴും മൂന്നു വര്‍ഷങ്ങള്‍കൊണ്ട് ഗവേഷണം തീര്‍ന്നതിന്‍െറ പിന്നില്‍, തന്‍െറ ഏഴു വര്‍ഷങ്ങളിലായുള്ള മുന്നൊരുക്കവും കാത്തിരിപ്പും അധ്വാനവും ഉണ്ടായിരുന്നുവെന്നത് ഞാനുള്‍പ്പെടെയുള്ള ചില സുഹൃത്തുക്കളോടുമാത്രം അവര്‍ പങ്കുവെച്ച ഒരു വസ്തുതയായിരുന്നു. ഇടക്കെപ്പോഴോ ഗവേഷണ പേപ്പറുകള്‍ എഴുതുന്നതിന്‍െറ വിശദവിവരങ്ങളൊക്കെ എന്‍െറ അടുത്ത മുറിയിലെ സുഹൃത്തിനോട് അവര്‍ ആരായുന്നത് ഞാനും കണ്ടതാണ്. പക്ഷേ, മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്വന്തം പേരില്‍ രണ്ടു അന്താരാഷ്ട്ര ജേണലുകളിലെ പ്രസിദ്ധീകരണങ്ങളുടെ ഉടമസ്ഥാവകാശവുമായി ജെസിക്ക മുത്തി ഞങ്ങളെയൊക്കെ മലര്‍ത്തിയടിച്ചു.

തനിക്ക് ആവശ്യമുള്ളതൊക്കെ -അതിപ്പോള്‍ പുതിയൊരു സോഫ്റ്റ്വെയര്‍ ആയാലും ലാപ്ടോപില്‍ ഉപയോഗിക്കാനുള്ള ഇന്‍റര്‍നെറ്റ് സംവിധാനമായാലും മൊബൈല്‍ കണക്ഷനായാലും- കിട്ടേണ്ട സ്രോതസ്സില്‍നിന്ന് അത് നേടിയെടുക്കുന്നതുവരെ മുട്ടാനുള്ള വാതിലുകളിലൊക്കെ മുട്ടാനുള്ള സ്ഥിരോത്സാഹവും നിശ്ചയദാര്‍ഢ്യവും -ആഫ്രിക്കന്‍ കരുത്തിന്‍െറ യഥാര്‍ഥ പ്രതിഫലനമാകുന്നു. അതിന് വിഘാതമായി നില്‍ക്കുന്നതെന്തും- നാം പറയാറുള്ള മുട്ടാപ്പോക്കുകള്‍, ന്യായീകരണങ്ങള്‍- ഒക്കെ അവരെ സംബന്ധിച്ചിടത്തോളം അപ്രസക്തങ്ങളായിരുന്നു. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു- ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടെയത്രയുംകൂടി വലുപ്പമില്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഒളിമ്പിക്സില്‍ സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടുമ്പോള്‍, നമ്മള്‍ സിംഹപ്രസവംപോലെ സംഭവിക്കുന്ന ഒന്നും ഒറ്റയും മെഡല്‍കൊണ്ട് തൃപ്തരാകുന്നത് എന്തുകൊണ്ടാണെന്ന്.

ഞാനീ കുറിപ്പെഴുതുമ്പോള്‍ ജെസിക്ക നൈറോബിയില്‍ മടങ്ങിയെത്തി, തിരികെ ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞിരുന്നു. ഡോക്ടറേറ്റ് നല്‍കുന്നതിനു മുമ്പുള്ള ഓപണ്‍ ഡിഫന്‍സ് എന്ന ചടങ്ങിനായി അവര്‍ കെനിയയില്‍ കാത്തിരിക്കുന്നു- ഒപ്പം അവരുടെ വരവിനായി ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളും.

Monday, March 26, 2012

ഈ കുറിപ്പ് മലയാളികളെ മാത്രം ഉദ്യേശിച്ചിട്ടു ഉള്ളതാകുന്നു

ആമുഖം:
 കേരളത്തില്‍ പല ഇടങ്ങളിലായി,പലപ്പോഴും റസ്റ്റൊരന്റില്‍ ഒറ്റയ്ക്ക്  ഭക്ഷണം  കഴിക്കേണ്ടി വന്നിട്ടുള്ള,മുപ്പതു വയസ്സില്‍ താഴെ പ്രായമുള്ള , ഞണ്ടുകളെ പോലെ മേലാകെ  ഇഴഞ്ഞു കയറുന്ന നോട്ടങ്ങളെ കുറിച്ച് ബോധവതിയായ ,ഒരു സ്ത്രീയുടെ നേരനുഭവങ്ങളുടെ കണക്കെടുപ്പ്.

                             
ഉച്ച നേരമായത് കൊണ്ടും മെഡിക്കല്‍ കോളേജിന്റെ  എതിര്‍ വശത്തുള്ള റസ്റ്റൊരന്റെ ആയതു  കൊണ്ടും അകത്തേക്ക് കയറുമ്പോള്‍ നല്ല തിരക്കായിരുന്നു.വെയിലില്‍ നിന്ന്  കയറിയത് കൊണ്ട് കുറച്ചു സമയമെടുത്ത്‌ അകത്തെ കാഴ്ചകളുമായി പൊരുത്തപ്പെടാന്‍.ഇരിക്കാനൊരിടം തേടുമ്പോള്‍ ഫാമിലി റൂമിന്റെ കാര്യം ഓര്‍ത്തില്ല-സുഹൃത്തുക്കള്‍ക്ക് ഒപ്പം ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍, അവര്‍  ഞങ്ങളെ നയിക്കാറുള്ളത്കണിശമായും ഫാമിലി റൂമിന്റെ അടച്ചുറപ്പിലെക്കാണല്ലോ എന്നു ഇപ്പോള്‍(ഏറെ നാളുകള്‍ക്കു ശേഷം) ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു.
 
 ഒട്ടു മിക്ക മേശകളും ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.അപരിചിതരുടെ ഇടയിലേക്ക് ഇടിച്ചു കയറാനുള്ള വൈക്ലബ്യത്തോടെ  സീറ്റിനായി പരതുമ്പോഴാണ് ആ സീറ്റ്-ഒരു അമ്മയും മകളെന്നു തോന്നിക്കുന്ന പെണ്‍കുട്ടിയും ഒരു ഭാഗത്തും മറു ഭാഗം ഒഴിഞ്ഞതുമായ സീറ്റ്-എന്‍റെ ശ്രദ്ധയില്‍ പെടുന്നത്.അന്പതിനോടടുത്തു പ്രായമുള്ള, അധ്യാപികയെന്നു തോന്നിപ്പിക്കുന്ന ആ സ്ത്രീ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവരുടെ അനുവാദത്തോടെ എതിരെ ഇരിപ്പുറപ്പിക്കുമ്പോഴും ഊണിനു പറയുമ്പോഴും ആ മാഡം എന്നെ തന്നെ ശ്രധിക്കുകയാണെന്ന്, എന്തോ പറയാന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു-കണ്ണുകള്‍ എന്‍റെ മുഖത്ത് തന്നെ.എനിക്ക് മുന്‍പരിചയം തോന്നിയതുമില്ല....
 
ഊണ് മതിയാക്കി ഇനിയും കഴിച്ചു തീരാത്ത മകള്‍ക്കായി കാത്തിരിക്കുകയായിരുന്നവര്‍..ഭക്ഷണം വരാന്‍ വൈകുന്നത് കൊണ്ട് സ്ഥിരം റസ്റ്റൊരന്റെ നമ്പര്‍ ആയ മൊബൈല്‍ ഫോണ്‍ സംഭാഷണം തുടങ്ങാന്‍ വട്ടം കൂട്ടുമ്പോഴാണ് ,എതിര്‍ വശത്തിരിക്കുന്ന മാഡം എന്നോട്  ഓര്‍ക്കാപുറത്ത് ചോദിച്ചത്-"വര്‍ക്ക്‌ ചെയ്യുവാണോ?"."അല്ല, ഗവേഷണം ചെയ്യുകയാണെന്ന്" പറഞ്ഞപ്പോള്‍ സന്തോഷമായെന്നു തോന്നുന്നു.സ്വയം പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു,"ഞാന്‍ ഹയര്‍ സെക്കന്ററിയുടെ പ്രിന്‍സിപ്പല്‍ ആയി  കഴിഞ്ഞ വര്‍ഷം റിട്ടയര്‍ ചെയ്യ്തു. ഇത് ഇളയ മകള്‍  ആണ് . മകളുടെ  ബി.എസ്‌ സി പ്രവേശന ഇന്റര്‍വ്യൂ കഴിഞ്ഞു വരുന്ന വരവാണ്.ഷുഗര്‍ ഉള്ളത് കൊണ്ട് ഭക്ഷണം കഴിക്കാതെ മുന്നോട്ടു പോകാനാകാത്തത് കൊണ്ട് ഇടയ്ക്കു ഇവിടെ ഇറങ്ങിയതാണ്",-അധ്യാപിക എന്ന എന്‍റെ ഊഹം തെറ്റിയില്ലല്ലോ എന്നു ഞാനോര്‍ത്തു.  എന്‍റെ പേരും നാടും ഹോസ്റ്റല്‍ കാര്യങ്ങളുമൊക്കെ അന്വേഷിച്ചപ്പോള്‍ പതിവിനു വിപരീതമായി സത്യാസന്ധമായ വിവരങ്ങളാണ് ഞാന്‍ നല്‍കിയത്-സാധാരണ അപരിചിതരില്‍ നിന്ന് ശരിയായ വിവരങ്ങള്‍ മറച്ചു വയ്ക്കുകയാണ് പതിവ്-പിന്നീട് കോടാലി ആകാതിരിക്കാന്‍.
 
 "അമ്മേ, കൈ കഴുകാം" എന്നു പറഞ്ഞു മകള്‍ തിരക്ക് കൂട്ടിയപ്പോള്‍ "നീ പോയി കഴുകിയിട്ട് അമ്മ കഴുകാം എന്നു പറഞ്ഞു മകളെ കൈ കഴുകാനയച്ചു ,അവര്‍ ഒന്ന് കൂടി മുന്നോട്ടാഞ്ഞിരുന്നു."കുട്ടിയെ ഒന്ന് അഭിനന്ദിക്കാനാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയതെന്നവര്‍" ആമുഖമായി പറഞ്ഞപ്പോള്‍,അതിനും മാത്രം ഞാനെന്തു ധീര കൃത്യമാണ് ചെയ്യ്തതെന്നാലോചിച്ചു പോയി.എന്‍റെ പുരികം ചോദ്യ ഭാവത്തില്‍ ഉയരുന്നത് കണ്ടാവാം ബാക്കിയും ടീച്ചര്‍ തന്നെ പൂരിപ്പിച്ചത്."ഞങ്ങളുടെയൊക്കെ ഈ പ്രായത്തില്‍ പഠിത്തവും ജോലിയും തിരക്കുകളുമായി ഓടി നടക്കുമ്പോള്‍ വിശന്നാല്‍ പോലും ഇത് പോലെ തനിച്ചു ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്ന കാര്യം ആലോചിക്കാനേ പറ്റില്ലായിരുന്നു. അത് കൊണ്ടെന്താ,വിശന്നു വിശന്നു നടന്നു കഴിഞ്ഞു നേരം തെറ്റി കഴിക്കുമ്പോള്‍ വല്ലാതെ അങ്ങ് കഴിച്ചു കളയും.ഒരു പക്ഷെ അങ്ങനെ ഒക്കെയാവാം ഷുഗറിന്റെ അസുഖമൊക്കെ തുടങ്ങിയത്...കുറച്ചു ആണെങ്കിലും സമയത്തിന് ആഹാരം കഴിച്ചാല്‍ പല രോഗങ്ങളെയും ഒരു പരിധി വരെയും തടയാനാകും എന്നാണ് എനിക്കിപ്പം തോന്നുന്നത്.കുട്ടി സീറ്റ്‌ തിരയുമ്പോള്‍ ഞാന്‍ മോളോട് പറയുകയായിരുന്നു ,തനിച്ചു കയറി ഭക്ഷണം കഴിക്കാന്‍ കാണിച്ച ധൈര്യത്തെ കുറിച്ച്....കീപ്‌ ഇറ്റ്‌ അപ്പ്‌" എന്നു പറഞ്ഞു തീരുമ്പോഴേക്കും മകള്‍ കൈ കഴുകി എത്തിയിരുന്നു...

മനസ്സ്സുണ്ടായിട്ടല്ല, ഗതികേട് കൊണ്ടാണെന്ന്....ലാബിലേക്കുള്ള പലവക സാധനങ്ങള്‍ തേടി രാവിലെ മുതലുള്ള  നടപ്പിനിടയില്‍ ഒരടി കൂടി മുന്നോട്ടു  വെക്കാനാകാതെ വന്നപ്പോള്‍ കഴിക്കാന്‍ കയറിയതാണെന്നു,ഇനിയും വൈകുന്നേരം വരെ ഒരു പാട് സ്ഥലങ്ങളില്‍ പോകാനുള്ളത് ആണെന്ന്   ടീച്ചര്‍ അറിയുന്നില്ലല്ലോ.

ടീച്ചര്‍ക്ക്‌  അങ്ങനെ പറയാം.....കാരണം യുനിവേര്സിടി ഓഫീസിനു മുന്‍പില്‍ വൈകുന്നേരം ബസ് കത്ത് നില്‍ക്കുന്നതിനിടയില്‍ ,തട്ട് കടക്കാരന്റെ കയ്യില്‍ നിന്ന് കഷ്ട കാലത്തിനു ഒരു ചായ വാങ്ങി കുടിച്ചു കൊണ്ട് കുറെ അധികം ആണുങ്ങളുടെ ഇടയില്‍  നിന്നപ്പോള്‍ ,അന്യ ഗ്രഹ ജീവിയെ  കാണുന്നത് പോലെ എന്നെ അവര്‍  ഒളി കണ്ണിട്ടു നോക്കുന്നത്  ടീച്ചര്‍ കണ്ടിട്ടില്ലല്ലോ!!!!!!

ഇടിയും മഴയും ഇരുട്ടും ഓടിയടുത്ത  ഒരു സായാഹ്നത്തില്‍ ,തല പൊട്ടി പൊളിയുന്ന തല വേദനയുമായി ,ഒരു കാപ്പി കുടിക്കാനായി കോഫീ ഹൌസില്‍ ഒരു കൂട്ടം ആണ്‍ ശിങ്കങ്ങളുടെ അടുത്ത ടേബിളില്‍  ടീച്ചര്‍ ഒരിക്കലും ഒറ്റയ്ക്ക് എത്തിപ്പെട്ടിട്ടുണ്ടാവില്ല.എന്തിനധികം, നാല് ടാബിളിനപ്പുറം നിലയുറപ്പിച്ചു, പത്രം വായിക്കുകയാണെന്ന വ്യാജേന ,എതിരെയുള്ള സ്ത്രീ രൂപം മനോമുകുരത്തില്‍ പതിപ്പിച്ചു ഉറപ്പിക്കുന്ന അന്പതുകാരനും മോശമായിരുന്നില്ല നിരീക്ഷണത്തില്‍..ഒരു തരത്തില്‍ കാപ്പി കുടിച്ചെന്നു വരുത്തി,അവിടെ നിന്ന് ഓടി രക്ഷ പെട്ടത്തിന്റെ അസുഖകരമായ ഓര്‍മ ഇപ്പോഴും തികട്ടി വരാറുണ്ട്.

അല്ലെങ്കില്‍ ടീച്ചര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല .....തിയേറ്ററില്‍  അച്ഛനും മകനുമിടയിലുള്ള സീറ്റുകളില്‍ അമ്മയെയും പെണ്മക്കളെയും സുരക്ഷിതരാകുന്ന-ഹോട്ടെലുകളില്‍ ഭിത്തിയരികിലുള്ള സീറ്റ്‌ ഭാര്യക്കും മകള്‍ക്കും നല്‍കി, മറ്റാളുകള്‍ തൊട്ടുരുമ്മി കടന്നു പോകുന്ന വഴിയരികിലെ സീറ്റ്‌ സ്വീകരിക്കുന്ന കുടുംബ നാഥന്‍മാരുള്ള -പിതാ രക്ഷതി കൌമാരേ, ഭര്‍ത്താ രക്ഷതി യൌവനെ ലൈന്‍ പിന്തുടരുന്ന -നമ്മുടെ നാട്ടിലെ ആഭിജാത ഗ്രൂപ്പുകളെ.

ടീച്ചര്‍ക്ക്‌  അറിയുമെന്ന് തോന്നുന്നു....വിശന്നു കണ്ണ് കാണാതായാലും നമ്മുടെ പെണ്‍കുട്ടികള്‍ ഒരു കൂട്ടെങ്കിലും തേടാതെ ഭക്ഷണം കഴിക്കാന്‍ മുതിരാറില്ല എന്നുള്ളത്.......അതിന് ആളെ കിട്ടിയില്ലെങ്കില്‍ വിശന്നിരിക്കുന്നത്.....

പിന്നീടാ അമ്മയും മകളും യാത്ര പറഞ്ഞു പിരിഞ്ഞതിനു ശേഷം ഊണ് പൂര്‍ത്തിയാകുമ്പോള്‍,ഉള്ളത് ഉള്ളത് പോലെ പറഞ്ഞു അഭിനന്ദിക്കാന്‍ അവര്‍ കാണിച്ച മനസ്സിന്റെ വലുപ്പത്തെ കുറിച്ച് ആലോചിക്കുകയായിരുന്നു ഞാന്‍...

 N.ബി: ഈ കുറിപ്പ് മലയാളികളെ മാത്രം ഉദ്യെശിചിട്ടുള്ളത്  ആണ്...
http://www.nalamidam.com/archives/2684

Wednesday, November 2, 2011

എന്‍റെ കഥപ്പുസ്തകത്തിനു ഒരാമുഖം



എന്‍റെ രക്ത ബന്ധങ്ങള്‍, ഞാന്‍ പരിചയപ്പെപ്പെട്ടവര്‍,അടുക്കാന്
‍ശ്രമിച്ചവര്‍,  സ്നേഹിക്കാന്‍ ശ്രമിച്ചവര്‍....ഒക്കെ വലിയ
തിരക്കുള്ളവരായിരുന്നു.സ്നേഹനിരാസങ്ങളുടെ ആ മഴനിഴല്‍ പ്രദേശത്ത്
ഉഴറിയാവാം ഞാന്‍  എന്നോട് തന്നെ സംസാരിക്കാന്‍ ശീലിച്ചത്. പിന്നെ എന്‍റെ
ചോദ്യങ്ങളും അവയ്ക്ക് പ്രതീക്ഷിക്കാവുന്ന ഉത്തരങ്ങളും ഞാന്‍ തന്നെ ചമച്ചു
 തുടങ്ങി. തനിയെ സംസാരിച്ചു നടക്കുന്ന ഏകാന്തതകളില് ഒരേ സമയം പല
കഥാപാത്രങ്ങളുടെ മാനസിക അവസ്ഥകളിലൂടെ കടന്നു പോകാനും അവര്‍
ചിന്തിക്കുന്നത്  പോലെ ചിന്തിക്കാനും അവരുടെ ഭാഷയില്‍ സംസാരിക്കാനും
എനിക്ക് ധാരാളം സമയം ലഭിക്കുമായിരുന്നു.....‍.....അങ്ങനെ രൂപം കൊണ്ടവയാണ് മിക്ക കഥകളും...കഥകളും ഉപകഥകളുമായി ജീവിതം ഇങ്ങനെ നീണ്ടു പരന്നു കിടക്കുമ്പോള്‍ കഥകള്‍ക്കാണോ ക്ഷാമം ???????

Thursday, October 27, 2011

പറയാന്‍ മറന്നത്


                                                                  I

"അതേ, ഈ ആഴ്ച ഞാന്‍ വീട്ടില്‍ പോകുവാ...അടുത്ത  ആഴ്ച എപ്പഴാ ഫ്രീ ആകാന്‍ പറ്റുക" എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ചോദ്യ ഭാവത്തിലുള്ള ഇരുത്തിയ മൂളലായിരുന്നു.എന്തിനാണെന്ന് ആയിരിക്കും മൂളിയതിന്റെ അര്‍ഥം." ഒരു കാപ്പി കുടിക്കാനായിരുന്നു " എന്നു പറഞ്ഞപ്പോള്‍, ഉറക്കെയുള്ള ചിരിയാണ് അങ്ങേ തലയ്ക്കല്‍ നിന്ന് കേട്ടത്.ഉയരം എത്ര ഉണ്ടെന്നു ചോദിച്ചാല്‍ ശവപ്പെട്ടിക്കു അളവ് കൊടുക്കാനാണോ എന്നു റെഡി മെയിഡ് തര്‍ക്കുത്തരം പറയുന്നയാള്‍ ഏതായാലും "അതെന്താ, നിന്റെ നാട്ടില്‍ കാപ്പിക്കടയില്ലേ?" എന്നു ചോദിക്കാതിരുന്നത് ഭാഗ്യം."അന്നേ നീ എപ്പോഴോ വാ, വന്നിട്ടെന്നെ വിളിച്ചാല്‍ മതിയെന്ന്" പറഞ്ഞാണ് അന്ന് ഫോണ്‍  വച്ചത്.
തമ്മില്‍ കണ്ടിട്ട് രണ്ടു മാസമായെന്നും കാണാന്‍ തോന്നുന്നെന്നും  മാത്രം ഞാന്‍ പറയാന്‍ മറന്നു.           
                            
                                                              II

 "അന്നചേച്ചീ" എന്നുള്ള ഉറച്ച വിളിയെവിടുന്നാണെന്ന് മനസ്സിലാക്കിയെടുക്കാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു.സമയം ഇരുട്ടി തുടങ്ങിയിരുന്നു-ശരത്താണ്. ഇരുട്ടില്‍ നിന്ന് ശരത്തിനെ വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. അത്യാവശ്യം കുറച്ചു ഷോപ്പിംഗ്‌ കഴിഞ്ഞു, ഏഴു മണിക്ക് മുന്‍പ് ഹോസ്റ്റലില്‍ എത്താനുള്ള തിടുക്കത്തിലായിരുന്നു ഞാന്‍."എന്ത് ചേച്ചി, ഇരുട്ടുന്നതിനു മുന്‍പ് ഹോസ്റ്റലില്‍ കയറിക്കൂടെ " എന്നു പറഞ്ഞു റോഡ്‌  മുറിച്ചു കടന്നു ശരത് അടുത്തെത്തി കഴിഞ്ഞു."പിന്നേ ചേച്ചി, രാജീവണ്ണന്‍(ശരത്തിന് അദ്ദേഹം അണ്ണനാണ്) വിളിച്ചായിരുന്നോ ?" എന്നു ചോദിച്ചപ്പോള്‍ പെട്ടെന്ന് തോന്നിയ മറുപടി അങ്ങ് പറഞ്ഞു-"അണ്ണന്‍ കുറച്ചു തിരക്കിലാണെന്ന് തോന്നുന്നു, ഏതൊക്കെയോ പ്രൊജക്റ്റ്‌കള്‍ തീര്‍ത്തു കൊടുക്കാനുണ്ട്. അതിന്റെ ഓട്ടത്തിലാണ്"."എന്നാല്‍ വേഗം ചെല്ലെന്നു" പറഞ്ഞു ശരത് പിരിഞ്ഞു കഴിഞ്ഞപ്പോഴാണ് ഒരു മാസമായി വിളിക്കാത്ത അണ്ണന്റെ നമ്പര്‍ മൊബൈലില്‍ നിന്ന് ഞാന്‍ മായിച്ചു കളഞ്ഞതും പിന്നേ അത് അറം പറ്റുമെന്നുള്ള അന്ധ വിശ്വാസത്തില്‍ അതെ സ്പീഡില്‍ വീണ്ടും സേവ് ചെയ്യ്തതും ഞാന്‍ എന്ത് കൊണ്ട് പറയാന്‍ മറന്നെന്നു ഓര്‍ത്തത്‌.

                                                                    III

"ഹലോ, എവിടെയാ ?" എന്നു ചോദിക്കുമ്പോള്‍ ഞാന്‍ അല്‍പ്പം ഉച്ചത്തിലാണ് സംസാരിച്ചതെന്ന് തോന്നി-വണ്ടികളുടെ ബഹളത്തിനിടയില്‍ അങ്ങേ തലയ്ക്കല്‍ കേട്ടില്ലെങ്കിലോ എന്നു കരുതിയാണ്, ഉറച്ചു സംസാരിച്ചത്. "ഞാന്‍ ഇന്സ്ടിട്യുഇട്ടില് ആണെന്ന്" പറയുന്നതിനോടൊപ്പം  തന്നെ "നീ എവിടെ നില്കുന്നു" എന്ന ചോദ്യവും വന്നു."ഇന്നത്തെ സേവനമൊക്കെ കഴിഞ്ഞോ" എന്നു സങ്കോച്ചതോടെയാണ്  ഞാന്‍ ചോദിച്ചത്-മണി അഞ്ചു കഴിഞ്ഞിരുന്നു. "ഓ കഴിഞ്ഞു, നീ കോഫി ഹൌസിന്റെ അടുത്ത് നിലക്ക് , ഞാനിതാ വരുന്നു " എന്നു പറഞ്ഞു ഫോണ്‍ വയ്ക്കുമ്പോഴും ഇത്ര പെട്ടെന്ന് എത്തുമെന്ന് ഞാന്‍ കരുതിയില്ല. കോഫി  ഹൌസില്‍ എതിരെയുള്ള കസേരകളില്‍ ഇരുന്നു കാപ്പി കുടിക്കുമ്പോള്‍ തലേ ആഴ്ചയില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തനായി "തലമുടിയൊക്കെ വെട്ടി കുട്ടപ്പനായി "യിരിക്കുന്നെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ചെറുതായൊന്നു ചമ്മിയത് പോലെ -എന്തും വിളിച്ചു പറയാന്‍ ലൈസെന്‍സ് ഇല്ലാത്ത എന്‍റെ പ്രകടനം കണ്ടിട്ടായിരിക്കും. പറയുന്നവര്‍ക്ക് ഇല്ലെങ്കിലും കേള്‍ക്കുന്നവര്‍ക്കെങ്കിലും നാണം തോന്നണമല്ലോ."എന്ത് പറ്റി ഈ വഴി ഇറങ്ങാന്‍ " എന്നു എന്നോട് ചോദിച്ചപ്പോള്‍ ഓഫീസിലേക്ക് കുറെയധികം സാധനങ്ങള്‍ ഒരുമിച്ചു വാങ്ങാന്‍ എന്നു മാത്രം പറഞ്ഞു.

ഞാനൊരു ലോകേഷന്‍ തേടി ഇറങ്ങിയതാണെന്ന്-ആര്‍ത്തലച്ചു വീണു കരയാനും പിന്നെ മുഖം ചേര്‍ത്ത് ഉറങ്ങാനും പാകത്തിനൊരു നെഞ്ച്-അല്ലെങ്കില്‍ മുറുകെ പിടിക്കാനൊരു കൈ-ഇനിയുമതല്ലെങ്കില്‍ ചേര്‍ന്നിരുന്നു തല ചായിക്കാനൊരു ചുമല്‍-തേടി ഇറങ്ങിയതാണെന്ന്-മാത്രം പറയാന്‍ മറന്നു.

                                                                                     IV

"ഹലോ, തിരക്കിലാണോ", എന്നു ചോദിയ്ക്കാന്‍ കാരണം അങ്ങേ തലയ്ക്കല്‍ നിന്ന് കേട്ട സ്വരങ്ങളായിരുന്നു-ഏതോ സമ്മേളന വേദിയില്‍ നില്‍ക്കുന്നത് പോലെ. "ഇല്ല, നീ പറയു ", എന്നു പ്രോത്സാഹിപ്പിച്ചത് കൊണ്ട് മാത്രം കുറെ കുശലങ്ങള്‍ അന്വേഷിച്ചു-അമ്മുവിന്‍റെ ജോലി കാര്യം, സഞ്ജയ്യുടെ ചികിത്സയുടെ കാര്യം, പാര്‍ട്ടി കാര്യങ്ങള്‍, ഏറ്റെടുത്തിരിക്കുന്ന പ്രൊജക്റ്റ്‌കളെ ക്കുറിച്ച്.ഏതോ കല്യാണ റിസപ്ഷനില്‍ പങ്കെടുക്കുക ആണെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. കുറച്ചു ഫ്രീ ആണെന്ന് തോന്നിയത് കൊണ്ടാണ് സംസാരിക്കാമെന്ന് വച്ചത് തന്നെ. പക്ഷെ അവിടുത്തെ ശബ്ദ കോലാഹലങ്ങള്‍ അധികമായപ്പോള്‍ "ശരി , പിന്നെ" എന്ന്  പറഞ്ഞു ഫോണ്‍ വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് "അയ്യോ , ഞാന്‍ വിളിച്ചത് ഒരു കാര്യം ചോദിക്കാനായിരുന്നു" എന്നു പറഞ്ഞു ഞാന്‍ ഇടപെട്ടത്. "എന്നിട്ട് നീ അത് മാത്രം പറയാന്‍ മറന്നോ" എന്നു ചോദിക്കുമ്പോള്‍ അപ്പപ്പോഴായി പറയാന്‍ മറന്നതിന്റെ എല്ലാം കണക്കെടുക്കുക ആയിരുന്നു  മനസ്സില്‍  ഞാന്‍. "ഡല്‍ഹി യുനിവേര്സിടിയില്‍ അടുത്ത പരിചയക്കാര്‍ ഉണ്ടോ എന്നറിയാനായിരുന്നു " എന്നു പറഞ്ഞു തീരുന്നതിനു മുന്‍പേ മറുപടി വന്നു. "നമ്മുടെ മൂന്നാല് പിള്ളേര്‍ അവിടുണ്ട് . എന്താണ് വിഷയം, നീ പറ"."അല്ല, വിശ്വസനീയമായ കുറച്ചു വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു " എന്നു പറഞ്ഞപ്പോള്‍ ഉടനെ വന്നു കമന്റ്‌, "എന്ത്, ആരെങ്കിലും വന്നു കണ്ടിട്ട് പോയോ ?"-എന്തൊരു കൃത്യത, കാര്യങ്ങള്‍ ഊഹിക്കുന്നതില്‍ .വിശദ വിവരങ്ങള്‍ പിന്നീട് പറയാമെന്നു പറഞ്ഞു ഫോണ്‍ വെക്കുമ്പോഴും  ശരിക്കും  വിളിച്ചതെന്തിനാണെന്ന്  ഞാന്‍ തന്നെ മറന്നു പോയിരുന്നു. പിന്നീടാണ് ഞാന്‍ ഓര്‍ത്തെടുത്തത്‌-തലേന്ന് ഞാന്‍ വിളിക്കുമ്പോള്‍ നമ്പര്‍ ബിസി. കാള്‍ വെഇട്ടിംഗ് കണ്ടു തിരിച്ചു വിളിക്കുമെന്ന് കരുതി. പിന്നെ അങ്ങോട്ട്‌ വിളിച്ചു ശല്യപ്പെടുത്തിയില്ല. സാധാരണ വിളിക്കുന്ന പത്ര മണി സമയം വരെ കാത്തു.  പിന്നെയും നിരാശ ബാക്കിയായപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യ്തു. ഇനി വിളിക്കുകയാണെങ്കില്‍  കിട്ടണ്ട. രാവിലെ മിസ്കാള്‍ മെസ്സേജ് പ്രതീക്ഷിച്ചു ഫോണ്‍ ഓണ്‍ ചെയ്യ്തപ്പോഴും നിരാശ ഫലം.തിരക്കധികമില്ലാത്ത രാവിലെ വിളിക്കുമെന്ന് കാത്തിട്ടും രക്ഷയില്ലാതായപ്പോഴാണ്-അതായത് ഇരുപത്തി നാല് മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനും കിരുകിരുപ്പിനും ശേഷമാണ്- വിളിച്ചതെന്ന് പറയാനാണ് ഞാന്‍ മറന്നതെന്ന്.

                                                                    V

അനിയത്തിയോടൊപ്പം ഉറങ്ങാന്‍ കിടന്ന ഞാന്‍ എപ്പോഴാണ് ആ ഗുഹയില്‍ എത്തിപ്പെട്ടതെന്നറിയില്ല-കറുകറുത്ത ഇരുട്ടും തണുപ്പും നിറഞ്ഞ,നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത ഒരു മാളം.ശ്വാസമേ കിട്ടുന്നില്ല.   കഷ്ടിച്ച് എനിക്ക് കാലുറപ്പിച്ചു നില്‍ക്കാനുള്ള സ്ഥലം മാത്രം. കാണേ കാണേ ഞാന്‍ നില്‍ക്കുന്നിടത്ത് വെള്ളം പൊങ്ങി പൊങ്ങി വരുന്നത് പോലെ. വെള്ളം നെഞ്ചിനും മുകളില്‍ ആയപ്പോഴാണ് എനിക്ക് അടി തെറ്റിയതെന്ന് തോന്നുന്നു. ശ്വാസം മുട്ടിതുടങ്ങിയിരുന്നു. സാധാരണ ഉപയോഗിക്കാറുള്ള ഇന്ഹലെരും തപ്പാന്‍ തോന്നിയില്ല. വീട്ടിലെല്ലാവരും നല്ല ഉറക്കമാണെന്ന് അറിയാം. അത് കൊണ്ട് തന്നെ ആരെയും വിളിച്ചു ശല്യപ്പെടുത്തില്ലാ എന്നു തീരുമാനിച്ചു. ആരെയെങ്കിലും വിളിച്ചു ഉണര്‍ത്താന്‍  തൊണ്ടയില്‍ നിന്ന് സ്വരം പുറത്തു വന്നിട്ട് വേണ്ടേ ?മരിക്കാന്‍ പോവുകയാണെന്ന് ഉള്ളത് ഏതാണ്ട് ഉറപ്പായിരുന്നു.അപ്പോഴാണ്‌ ഓര്‍ത്തത്‌-രണ്ടു മൂന്നു കാര്യങ്ങള്‍ പറഞ്ഞു ഏല്‍പ്പിക്കാനുണ്ടായിരുന്നു.  "ഏതായാലും  മരിക്കാന്‍ പോവുകയാണ് .അപ്പോള്‍ പിന്നെ ബാക്കി  കാര്യങ്ങളൊക്കെ തൈക്കാട് മതി (നാട്ടില്‍  പള്ളി സെമിത്തേരിയില്‍ കുടുംബ കല്ലറക്ക് മുപ്പതിനായിരം രൂപയാണ് വില, തൈക്കാടാകുമ്പോള്‍ കുറച്ചു  ചിലവില്‍ കാര്യങ്ങള്‍  ഒതുങ്ങും). പിന്നെ വര്‍ഷാവര്‍ഷം കര്‍മ്മങ്ങള്‍ ഒക്കെയായി കര്‍ക്കിടകതിലൊരു  ബലി. പിന്നെ ഞാന്‍ മരിച്ചു കഴിഞ്ഞാലും എന്നെ വിളിക്കുകയും എസ്‌.എം. എസ്‌  ചെയ്യുകയും ഒക്കെ വേണം". മുഴുവനും കേട്ട് കഴിഞ്ഞപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു, "ആദ്യം പറഞ്ഞ രണ്ടും നമുക്ക് നടപ്പില്‍  വരുത്താം. പക്ഷെ മരിച്ചവരുമായി ആശയ വിനിമയം നടത്താന്‍ നമ്മുടെ സാങ്കേതിക വിദ്യക്ക് ചില പരിമിതികള്‍ ഇപ്പോഴുള്ളത് കൊണ്ട് മൂന്നാമത്തെ ആവശ്യം എങ്ങനെ പരിഗണിക്കും. നീ ഒരു കാര്യം ചെയ്യൂ, ഇതൊന്നു പ്രമാണതിലാക്ക്. നമുക്ക് നടപ്പിലാക്കാന്‍ പിന്നെ എളുപ്പമുണ്ടല്ലോ" എന്നു പറഞ്ഞു ഫോണ്‍ കട്ടാകുമ്പോഴേക്കും ഞാന്‍ വിയര്‍ത്തു കുളിച്ചിരുന്നു, നേരവും വെളുപ്പാകാറായിരുന്നു.അനിയത്തി ഒന്നും അറിയാതെ സുഖമായി ഉറങ്ങുന്നു.
പിറ്റേന്ന് പറഞ്ഞു ചിരിക്കാന്‍, ഒരു പാട് ചിരിക്കാന്‍ പുതുമയുള്ള ഒരു സ്വപ്നമായി അത് കടന്നു പോയി.അപ്പോഴും ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു-പലപ്പോഴായി പറയാന്‍ മറന്നതിനെ ഒക്കെയും പെറുക്കി കൂട്ടി സൂക്ഷിച്ച്, പലവുരു കാച്ചിക്കുറുക്കി, സമര്‍ത്ഥമായി,കൃത്യമായി,ഭംഗ്യന്തരേണ പറഞ്ഞു ഒപ്പിക്കാനുള്ള ഉപ ബോധ മനസ്സിന്റെ വൈധഗ്യമോര്‍ത്തു...

തൈക്കാട് വൈദ്യുത ശ്മശാനം.

Monday, September 26, 2011

ഒരു യാത്രയുടെ ഓര്‍മയ്ക്ക്

ഒരു യാത്രയുടെ ഓര്‍മയ്ക്ക്                                     
ഞങ്ങളുടെ നഗരം വേനല്‍ മഴക്കായി കാത്തിരുന്നു തുടങ്ങിയിട്ട് കുറച്ചു ദിവസമായിരുന്നു.ഈ യാത്രയുടെ  തലേന്ന്, നാലുമണിക്ക് സിറ്റിയിലേക്ക് ഇറങ്ങുമ്പോഴേ നല്ല മഴക്കാറു ഉണ്ടായിരുന്നു. ബസ്‌ ഇറങ്ങിയപ്പോഴേക്കും   അതൊരു നല്ല വേനല്‍ മഴയായി  രൂപാന്തരപ്പെട്ടിരുന്നു.മഴയില്‍ കുതിര്‍ന്നു സുഹൃത്തിനു കല്യാണ സമ്മാനം തിരയുമ്പോഴും ഒറ്റ പെയ്യ്ത്തില്‍ പൊങ്ങി, നിറഞ്ഞൊഴുകുന്ന ചെളി വെള്ളത്തിലൂടെ തുഴഞ്ഞു നടക്കുമ്പോഴും, പിറ്റേന്നത്തെ യാത്രയെ കുറിച്ചുള്ള ഉത്കണ്ടകലായിരുന്നു   മനസ്സ്  നിറയെ-സഞ്ചരിച്ചിട്ടില്ലാത്ത വഴി, പരിചയമില്ലാത്ത സ്ഥലം,അപരിചിതമായ വിവാഹ ചടങ്ങുകള്‍. മഴ തിമിര്‍ത്തു പെയ്യ്തു തോര്‍ന്നു എഴുന്നേല്‍ക്കുന്ന പ്രഭാതത്തില്‍ വേണം നല്ല ഒരു യാത്ര പോവാണെന്ന് കൊതിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായിരുന്നു.  ആ മോഹം സാധിച്ചു തരുന്ന ഒരു യാത്ര ആയിരുന്നു പിറ്റേന്ന് ബസ്‌ സ്റ്റാന്‍ഡില്‍ എന്നെ കാത്ത് നിന്നത്.
എല്ലാ യാത്രകളിലും സംഭവിക്കുന്നത്‌  പോലെ  യാത്ര ചെയ്യാനുള്ളവര്‍ കണ്ടു മുട്ടി, ഒരുമിച്ചു കൂടിയൊരു തുടക്കം.മറ്റു യാത്രകളില്‍ നിന്ന് വ്യത്യസ്തമായി ആനയിക്കപ്പെട്ട ജനലിനരികിലുള്ള  സീറ്റില്‍ വെറുതെ ഇരുന്നാല്‍ മതിയായിരുന്നു എന്നു മാത്രം.

തലേന്ന് പെയ്യ്ത മഴയില്‍ വേനലിന്റെ കേടുതികളൊക്കെ കഴുകി തുടക്കപ്പെട്ടിരുന്നു. അകത്തേക്ക് വരുന്ന കാറ്റിനും സൌമ്യത.വഴിക്ക്  ഇരു  വശവും ഗ്രിഹാതുരത്വം  ഉണര്‍ത്തുന്ന വേനലവധി കാഴ്ചകള്‍-നിറയെ കായിച്ചിരിക്കുന്ന മാവുകള്‍, പൂത്ത് മറിയുന്ന കൊന്നപ്പൂവുകള്‍, കൂട്ടത്തോടെ പൂത്തിരിക്കുന്ന ചെമ്പക മരങ്ങള്‍, നിറയെ ചക്കകളുമായി പ്ലാവുകള്‍.ബോഗന്‍ വില്ലകള്‍ കൂട്ടത്തോടെ പൂത്തുലഞ്ഞു ഒരുക്കുന്ന വര്‍ണ്ണ  പ്രപഞ്ചം -അതൊരു പ്രത്യേക കാഴ്ച.ഗവേഷകര്‍ക്കും വേനലവധി കിട്ടിയിരുന്നെങ്കിലെന്നു വെറുതെ ആഗ്രഹിച്ചു പോയി-ഈ കാഴ്ചകളൊക്കെ അപ്രത്യക്ഷ മാകുന്നതിനു മുന്‍പ്  ഒരു മാസത്തെ  ഒരവധിക്കാലം.

യാത്രക്കൊപ്പം തുടങ്ങിയതാണ്‌ സംസാരവും-പക്ഷെ ഇടയ്ക്കിടെ റിലേ നഷ്ടപ്പെടുന്ന ചാനല്‍ സംപ്രേക്ഷണം പോലെ മനസ്സ് എവിടെക്കോ വഴുതി പോകുന്നു, ദിശ മാറി സഞ്ചരിക്കുന്നു...

ഈ യാത്ര എന്നെ അവളെ കുറിച്ച് ഓര്‍മിപ്പിക്കുന്നു.പണ്ടൊരു സ്കൂള്‍ കുട്ടിയുണ്ടായിരുന്നു - ആറാം ക്ലാസ്സുകാരി-മെലിഞ്ഞ്, കഴുത്ത് നീണ്ടു, എല്ല് പിടിച്ച കോലം. സ്കൂള്‍ ബാഗും  വാട്ടര്‍ ബോട്ടിലും ഒക്കെയായി കുഞ്ഞു ചുമലുകള്‍ക്ക്  താങ്ങാവുന്നതിലും അധികം ഭാരവും ആയിട്ടാണ് യാത്ര.  അവരുടെ നാട്ടില്‍ നിന്ന് നഗരത്തിലേക്കെ  അന്ന് രണ്ടോ മൂന്നോ ബസുകള്‍ മാത്രം. ബസ്സിലൊക്കെ തിരക്കും. അവള്‍ നോക്കുമ്പോള്‍  ബസിനുള്ളില്‍ അവളുടെ കൂടെയുള്ള രണ്ടു കുട്ടികള്‍( ചേച്ചിയും അനുജത്തിയും )  അവരുടെ അച്ചന്റെയോപ്പം ഉണ്ട് .തള്ളക്കോഴി കോഴിക്കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സൂക്ഷിക്കുന്നത് പോലെ അച്ഛന്‍ അവരെ പൊതിഞ്ഞു നില്‍ക്കുന്നു, ബാഗുകള്‍ എടുത്തു ഉയരത്തില്‍ വയ്ക്കുന്നു. കാര്യം ശരിയാണ് ... അവരുടെ അച്ഛന്‍ ബാങ്കില്‍ പ്യൂണ്‍ ആണ്...ഞങ്ങളുടെ സ്കൂളിന്റെ അടുത്ത് ....അവളുടെ അച്ഛനോ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നത്  ദൂരെ ഒരു നഗരത്തിലും....പപ്പക്കെവിടെയാ  സമയം... ബസില്‍ മുകളിലെ കമ്പിയില്‍  കൈ പിടിക്കാന്‍ എത്തില്ല.സീറ്റിലെ കമ്പിയില്‍  പിടിക്കാന്‍ തിരക്ക് കാരണം പറ്റുന്നില്ല.ബസിലെ ഉപദ്രവം അതെ ഒരു വഴിക്ക്. സീറ്റിനിടയില്‍ ഒതുങ്ങി നില്‍ക്കാന്‍ ശ്രമിക്കവേ കമ്പിയോടു ചേര്‍ന്ന് അമര്‍ന്നു വേദനിക്കുന്ന നെഞ്ചു. അങ്ങനെ ഒരു  ദിവസത്തെ ഗതി കിട്ടാത്ത യാത്രക്കൊടുവില്‍  ബസ്‌ സ്ടാണ്ടിലെത്തി .

ഇനിയും  സ്കൂളിലെക്കെ ഒരു പാട് ദൂരം നടക്കാനുണ്ട്. കുഞ്ഞി കാലുകള്‍ നീട്ടി  വലിച്ചു നടക്കുമ്പോള്‍ കാണാം അച്ഛന്‍ ബാഗുകളുമായി മുന്പേ നടന്നു പോകുന്നത് കൊണ്ട് സുഖമായി നടക്കുന്ന കൂട്ടുകാരെ.നടന്നിട്ടും ദൂരം കുറയാത്തത് പോലെ.....ട്രാഫിക്‌ അയലണ്ടും മുറിച്ചു കടന്നു സ്കൂളില്‍ എത്തുബോള്‍ ബെല്ലടിച്ചിരുന്നു..ക്ലാസ്സ്‌ ടീച്ചര്‍ സിസ്റ്റര്‍ എത്തിയിട്ടുണ്ട് ...ഹാജര്‍  എടുത്തു കഴിഞ്ഞു..വൈകി വരുന്നതിനുള്ള നാട്ടിന്‍പുറം കാരുടെ കാരണങ്ങള്‍ കൂട്ടുകാരുടെ മുഖത്ത് ചിരി പരത്തുന്നത് അവള്‍ക്കു കണ്കൊണിലൂടെ കാണാം . കാരണം പറയ്യാന്‍ കൂടി ശ്വാസം കിട്ടാതെ വിഷമിച്ചു നില്‍ക്കുമ്പോള്‍ സിസ്റ്റര്‍ അലിവോടെ അടുത്ത് വന്നു നെഞ്ചു വേദനിക്കുന്നോ, തടവി തരണോ എന്നൊക്കെ ചോദിച്ചതെ അവള്‍ക്കു ഓര്‍മയുള്ളൂ....അവളുടെ  ഭാവാദികള്‍ നെഞ്ചില്‍   ബുദ്ധിമുട്ട് തോന്നിപ്പിക്കുന്നതായിരുന്നു എന്ന് തോന്നുന്നു...സിസ്റെരിന്റെ നെഞ്ചിലെക്കെ  അലച്ചു തല്ലി അവള്‍ വീഴുന്നതും  സിസ്റെരിനെ മുറുക്കെ പിടിച്ചു കരയുന്നതുമാണ്  പിന്നെ ക്ലാസ്സ്‌ കണ്ടത്.അവരൊക്കെ അവളുടെ ചുറ്റും കൂടി...ചിലര്‍ വെള്ളവുമായി, ചിലര്‍ വീശി തരാന്‍, ചിലര്‍ നെഞ്ചു തടവി തരാന്‍. ആ അനാഥത്വം  ആവാം ഇന്നും അവളെ  പിന്തുടരുന്നത്.  അതില്‍ പിന്നെ എത്ര എത്ര യാത്രകള്‍!!! തനിച്ചാണ് എന്ന് നന്നായി അറിയാമെന്നുള്ളത്‌ കൊണ്ട് പ്രത്യേകം സൃഷ്ടിച്ചെടുത്ത മുഖ ആവരണങ്ങളുമായി സഞ്ചരിച്ച വഴികളിലൊക്കെയും .......

"ഹലോ, ഇതിനിടയില്‍ എവിടെപ്പോയി?" ഏതായാലും സമയത്തിന് കല്യാണത്തിന് എത്തുമോ  എന്നല്ല നീ ഇപ്പോള്‍ ഓര്‍ത്തതെന്ന് മാത്രം മനസ്സിലായി "-ആ സ്വരമാണ് എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തിയത്. ശരിയാണ്,വഴിയിലെ ബ്ലോക്കും വൈകുന്ന ബസും കല്യാണത്തിന്റെ മുഹൂര്‍ത്തവും ഒന്നും അപ്പോള്‍ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. സിസ്റെരിനെ മുറുകെ പിടിച്ചു കരഞ്ഞ ആറാം ക്ലാസ്സുകാരിയില്‍ നിന്ന് തിരുവാതിര ഞാറ്റുവേല പോലെ ചിരിക്കുന്ന (സമര്‍പ്പണം:- അങ്ങനെ വിശേഷിപ്പിച്ചവര്‍ക്ക്) എന്നിലേക്കുള്ള ദൂരം-എന്നെ തന്നെ അത്ഭുതപ്പെടുത്തുന്ന പരിണാമം .

കല്യാണവും  ഫോട്ടോയെടുപ്പും സദ്യയും ഒക്കെ വേഗത്തില്‍ കഴിഞ്ഞു പോയത് പോലെ. അങ്ങോട്ട്‌ പോയതിലും വേഗത്തില്‍ മടക്ക യാത്ര."അതല്ലെങ്കിലും   അങ്ങനെയാണ്. അങ്ങോട്ട്‌ പോകാന്‍ നാല് മണിക്കൂറെടുത്ത കെ. എസ്‌.ആര്‍.ടി.സി. ബസ്‌ തിരിച്ചു രണ്ടു മണിക്കൂര്‍ കൊണ്ടെന്റെ സ്റൊപ്പിലെന്നെ എത്തിക്കുമെന്ന്" പരിഭവിക്കുമ്പോള്‍ മനസ്സ് പഴയ ബി. എസ്‌.സി. വിദ്യാര്‍ഥിനിയുടെത്    ആയി -സ്റ്റഡി ടൂറിന്റെ മടക്ക യാത്രയില്‍ ഹോസ്റ്റല്‍ എത്താന്‍ എത്രയും വൈകിയിരുന്നെങ്കില്‍  എന്നു  കൊതിച്ച അവസാന വര്‍ഷ വിദ്യാര്‍ഥിനി. തിരിച്ചു യാത്ര തുടങ്ങിയപ്പോള്‍ തന്നെ കലശലായ ഉറക്കം വരുന്നുണ്ടായിരുന്നു. ഉച്ച തിരിഞ്ഞ നേരമായത് കൊണ്ടാവാം...ഒരു പക്ഷെ സ്വസ്ഥമായിട്ട് ഒന്ന് ഉറങ്ങിയിട്ട് മാസങ്ങളായത് കൊണ്ടാവാനും മതി.എത്ര എണ്ണിയാലും ഒരിക്കലും എണ്ണം  ശരിയാകാത്ത  ടെസ്റ്റ്‌ ട്യൂബുകള്‍,ക്രമപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വഴുതി മാറുന്ന പ്രബന്ധത്തിലെ അദ്ധ്യായങ്ങള്‍....എന്നിട്ടും ഉറങ്ങിപ്പോയാല്‍ യാത്ര  തീര്‍ന്നു പോകുമെന്നുള്ള പേടിയില്‍ ഉറക്കാതെ ആട്ടിയകറ്റി ഞാനാ മടക്ക യാത്രക്ക് കാവലിരുന്നു...ഉറങ്ങാതിരുന്നാല് യാത്ര തീര്‍ന്നു പോകാതിരുന്നെങ്കിലോ എന്നു എന്‍റെ പാഴ് ബുദ്ധിയില്‍ തോന്നിക്കാണും.

ശരിക്കും നന്ദി പറയേണ്ടത് നിങ്ങളോടാണ്‌ സുഹൃത്തേ .....തിരക്കുകള്‍ക്കിടയില്‍ ഒരു  ദിവസം നീക്കി വച്ചതിനെ, ഒരു പാട് കരുതലോടെ കൂടെ കൂട്ടിയതിനെ,തികച്ചും സുരക്ഷിതയാണ് ഞാനെന്നു ധൈര്യം പകര്‍ന്നതിനു, എന്നുമോര്‍ത്തിരിക്കാന്‍  നല്ല ഒരു യാത്ര സമ്മാനിച്ചതിന്....എല്ലാറ്റിനും.