Monday, April 9, 2012

ചില ആഫ്രിക്കന്‍ ഗുണപാഠങ്ങള്‍(kanmshi-madhyamam)

കല്യാണമെങ്ങാനും കഴിച്ചുപോയാല്‍ ഗവേഷണമാകെ തകിടംമറിഞ്ഞതുതന്നെയെന്ന് കരുതിയിരുന്ന ഗവേഷകഹോസ്റ്റലിലെ ഞാനുള്‍പ്പെടെയുള്ള ന്യൂനപക്ഷത്തിന്‍െറ ഇടയിലേക്കാണ് ഒരു പ്രതിഭാസംപോലെ അവര്‍ കടന്നുവന്നത് -ജെസിക്ക മുത്തി. മാസത്തില്‍ ഒരിക്കല്‍ വീട്ടില്‍പോയാലും ഗവേഷണത്തില്‍ മുഴുകാനുള്ള വിലപ്പെട്ട സമയം കുറഞ്ഞുപോകുമെന്ന് ആകുലപ്പെട്ടിരുന്നവര്‍ക്കിടയില്‍, ഇന്ത്യയില്‍ ഉണ്ടായിരുന്ന മൂന്നു-മൂന്നര വര്‍ഷത്തിനിടയില്‍ നാലോ അഞ്ചോ തവണ കെനിയക്ക് പറന്ന, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തിയ ജെസിക്കയൊരു അദ്ഭുതമായിരുന്നു.

ആഫ്രിക്കയുടെ കിഴക്കുഭാഗത്താണ് കെനിയ. ഇന്തോ-കെനിയന്‍ സര്‍ക്കാറുകളുടെ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി, കെനിയന്‍ സര്‍ക്കാറിന്‍െറ ഫെലോഷിപ്പോടുകൂടി കേരള സര്‍വകലാശാലയില്‍ മന$ശാസ്ത്ര വകുപ്പില്‍ ഗവേഷണത്തിനെത്തിയ, നൈറോബിയില്‍നിന്നുള്ള ജെസിക്ക മുത്തി- മൂന്നു കുട്ടികളുടെ അമ്മയായ, നാല്‍പത്തഞ്ചോടടുത്ത് പ്രായമുള്ള ലെക്ചറര്‍.

ഹൈസ്കൂള്‍ ടീച്ചറായി ഔദ്യാഗിക ജീവിതം ആരംഭിച്ച്, കോളജ് ലെക്ചററും യൂനിവേഴ്സിറ്റി അധ്യാപികയുമായി ഉയര്‍ന്ന ജെസിക്കയുടെ കുടുംബം കെനിയയില്‍ വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവും മൂന്നു മക്കളും അടങ്ങുന്നതാണ്. റെസിഡന്‍ഷ്യല്‍ പഠനസമ്പ്രദായമായതുകൊണ്ട് ആണ്‍മക്കള്‍ രണ്ടും ഹോസ്റ്റലില്‍. കൂടെ മകള്‍ മാത്രം. എന്‍െറ കുടുംബത്തിനെന്നെ ആവശ്യമുണ്ടെന്നുപറഞ്ഞ് ഗവേഷണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തിടുക്കംകൂട്ടുന്ന ജെസിക്കയില്‍ ഞങ്ങള്‍ നല്ലൊരു അമ്മയെ കാണുകയായിരുന്നു.

മികച്ച ഇംഗ്ളീഷ് ഉച്ചാരണവും ഒഴുക്കുള്ള സംഭാഷണശൈലിയുമായി ജെസിക്ക വളരെവേഗം ഞങ്ങളോട് അടുത്തു. പിന്നീടുള്ള ദിവസങ്ങളില്‍ മുഴുവന്‍ തുറക്കാത്ത കണ്ണുകളുമായി രാവിലെ മെസ് ഹാളിലേക്ക് നടക്കുന്ന എന്നെ ഉറക്കത്തില്‍നിന്ന് ഉണര്‍ത്തിയിരുന്നത് ഇടനാഴിയിലും പടികളിലുംവെച്ച് കണ്ടുമുട്ടുന്ന ജെസിക്കയുടെ പ്രഭാതവന്ദനങ്ങളായിരുന്നു. ആയിരം പിന്നല്‍ തലമുടിയുമായി കെനിയയില്‍നിന്നെത്തിയ ജെസിക്ക, അതുപോലെ തുടര്‍ന്നും പിന്നാന്‍ തിരുവനന്തപുരത്ത് ആളെക്കിട്ടാതെ വന്നപ്പോള്‍ തലമുടി മുറിച്ചത് ആദ്യതവണ നാട്ടില്‍പോയി വന്നപ്പോഴാണെന്ന് തോന്നുന്നു. കേരളത്തിലെ കാലാവസ്ഥയും എരിവും പുളിയും അധികമുള്ള ഭക്ഷണവും ശരിക്കും തുടക്കത്തില്‍ അവര്‍ക്ക് ഒരു വെല്ലുവിളിതന്നെയായിരുന്നു. എന്നിട്ടും നമ്മുടെ ബസ്മതി അരിയോട് സാമ്യമുള്ള കെനിയന്‍ അരിയെ മറന്ന്, ജയ-സുലേഖ അരികളോട് പൊരുത്തപ്പെട്ടുകൊണ്ട് ജെസിക്ക ഞങ്ങളുടെ നഗരത്തോട് ചങ്ങാത്തത്തിലായി -പ്രത്യേക പരിഗണന നല്‍കി വെജും നോണ്‍വെജും ഒരുമിച്ച് വിളമ്പി അവരെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ മുന്‍കൈയെടുത്തത് ഞങ്ങളുടെ ഹോസ്റ്റലും.

ജെസിക്കയുമായി അടുത്തിടപഴകിത്തുടങ്ങിയ നാളുകളൊന്നില്‍ അവരുടെ മുറി സന്ദര്‍ശിച്ചപ്പോള്‍ മേശപ്പുറത്തുകണ്ട കെനിയന്‍ ദേശീയപതാകയില്‍ (ടേബ്ള്‍ ഫ്ളാഗില്‍) തുടങ്ങിയതാണ് അവരോടുള്ള അദ്ഭുതം കലര്‍ന്ന ആദരം- സഞ്ചരിക്കുന്ന രാജ്യങ്ങളിലൊക്കെയും സ്വന്തം ദേശീയപതാക കൂടെക്കരുതുന്ന വനിതാരത്നം. രണ്ടു മക്കള്‍ക്കു പുറമെ, മൂന്നാമതൊരു കുട്ടിയെക്കൂടി എടുത്തുവളര്‍ത്തുന്നു ജെസിക്ക എന്നറിഞ്ഞപ്പോള്‍ അവരോടുള്ള ബഹുമാനം ഇരട്ടിച്ചു. തനി ആഫ്രിക്കന്‍ ശരീരപ്രകൃതത്തിലും വെള്ളിമൊട്ടു കമ്മലുകളും നേര്‍ത്ത സ്വര്‍ണമാലയും കുറച്ച് ജോടി വസ്ത്രങ്ങളുമായി അവര്‍ അധ്യാപകര്‍ക്ക് അനുഗമിക്കാവുന്ന മിതത്വത്തിന് ഉദാഹരണമായിരുന്നു. പാശ്ചാത്യ സംസ്കാരത്തിലെ നിഷേധാത്മക വശങ്ങളോടുള്ള വിരോധം മറ്റു സംസ്കാരങ്ങളിലേക്കുള്ള അവയുടെ കടന്നുകയറ്റത്തിനെതിരെയുള്ള അതൃപ്തി- ഇവയൊക്കെ പരസ്യമായി പ്രകടിപ്പിക്കുന്ന ജെസിക്ക, ഒന്നാന്തരമൊരു പാരമ്പര്യവാദികൂടിയാണ്. അപ്പോഴും ഇന്ത്യന്‍ സംസ്കാരത്തോടും ഇവിടെ പരിചയപ്പെടാന്‍ ഇടവന്ന എല്ലാ നല്ല മനുഷ്യരോടുമുള്ള തന്‍െറ പ്രത്യേക താല്‍പര്യം സൂചിപ്പിക്കാന്‍ അവര്‍ മറക്കില്ലായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തന്‍െറ ആഫ്രിക്കന്‍, ഇന്ത്യന്‍ സുഹൃത്തുക്കളുടെ ഗതികേടിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതില്‍ ആ നാടുകളിലെ പ്രാഥമിക വിദ്യാഭ്യാസത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയെക്കുറിച്ചുള്ള ഒരു അധ്യാപികയുടെ വേദന നാം വായിച്ചെടുക്കുന്നു- ഒപ്പം അവിടത്തെ പരിതോവസ്ഥകളില്‍ അധ്യാപകരുടെ നിസ്സഹായാവസ്ഥയും ഭേദപ്പെട്ട പ്രതിഫലമെന്ന പ്രലോഭനത്തിന്‍െറ പ്രേരണയും.

2009 ഡിസംബറില്‍ കാര്യവട്ടം കാമ്പസില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് നടക്കുന്നതിന്‍െറ മുന്നോടിയായി വിദ്യാര്‍ഥികളെല്ലാം ഹോസ്റ്റല്‍ ഒഴിഞ്ഞുകൊടുക്കേണ്ടിവന്നപ്പോള്‍, യൂനിവേഴ്സിറ്റി അധികാരികള്‍ വാഗ്ദാനം ചെയ്ത സിറ്റിയിലെ താമസസൗകര്യങ്ങളൊക്കെ വേണ്ടെന്നുവെച്ച്, നൂറു മുറികളോളമുള്ള ഗവേഷക ഹോസ്റ്റലും ഇടിഞ്ഞുപൊളിഞ്ഞ പി.ജി ഹോസ്റ്റലുമെല്ലാം ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ ഹോസ്റ്റല്‍ സമുച്ചയത്തിനുള്ളില്‍, തനിച്ചൊരു മുറിയില്‍, സ്വയം നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കാനുള്ള ഗവേഷണ ജോലികളില്‍ മുഴുകിയ ജെസിക്ക, ഞങ്ങളുടെ കണ്ണില്‍ ഒരു പ്രസ്ഥാനമായി മാറുകയായിരുന്നു (അക്കൊല്ലം പുതുവര്‍ഷം ആഘോഷിക്കാനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരുവനന്തപുരത്ത് ഒത്തുകൂടിയ കെനിയന്‍ സുഹൃത്തുക്കളുടെ ക്ഷണവും ചെയ്തുതീര്‍ക്കാനുള്ള ജോലികളുടെ പേരില്‍ അവര്‍ നിരസിച്ചു എന്നാണ് പറയുകയുണ്ടായത്). ഗവേഷണംപോലെ, മൂന്നു മുതല്‍ പത്തുവരെയുള്ള വര്‍ഷങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും തീര്‍ന്നേക്കാവുന്ന ഒരു ദീര്‍ഘകാല പദ്ധതിയില്‍, സെമസ്റ്റര്‍-ടേം പരീക്ഷകള്‍ക്കൊരുങ്ങുന്ന കുട്ടികളുടെ കണിശതയോടെ, സമയബന്ധിതമായി ജോലികള്‍ ചെയ്തുതീര്‍ത്തുകൊണ്ടിരുന്ന ജെസിക്ക, മൂന്നാം വര്‍ഷത്തിനൊടുവില്‍ തീസിസ് സമര്‍പ്പിച്ചുകൊണ്ട് ഞങ്ങളെയൊക്കെ അദ്ഭുതപ്പെടുത്തി, എന്നു പറയുമ്പോഴും മൂന്നു വര്‍ഷങ്ങള്‍കൊണ്ട് ഗവേഷണം തീര്‍ന്നതിന്‍െറ പിന്നില്‍, തന്‍െറ ഏഴു വര്‍ഷങ്ങളിലായുള്ള മുന്നൊരുക്കവും കാത്തിരിപ്പും അധ്വാനവും ഉണ്ടായിരുന്നുവെന്നത് ഞാനുള്‍പ്പെടെയുള്ള ചില സുഹൃത്തുക്കളോടുമാത്രം അവര്‍ പങ്കുവെച്ച ഒരു വസ്തുതയായിരുന്നു. ഇടക്കെപ്പോഴോ ഗവേഷണ പേപ്പറുകള്‍ എഴുതുന്നതിന്‍െറ വിശദവിവരങ്ങളൊക്കെ എന്‍െറ അടുത്ത മുറിയിലെ സുഹൃത്തിനോട് അവര്‍ ആരായുന്നത് ഞാനും കണ്ടതാണ്. പക്ഷേ, മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്വന്തം പേരില്‍ രണ്ടു അന്താരാഷ്ട്ര ജേണലുകളിലെ പ്രസിദ്ധീകരണങ്ങളുടെ ഉടമസ്ഥാവകാശവുമായി ജെസിക്ക മുത്തി ഞങ്ങളെയൊക്കെ മലര്‍ത്തിയടിച്ചു.

തനിക്ക് ആവശ്യമുള്ളതൊക്കെ -അതിപ്പോള്‍ പുതിയൊരു സോഫ്റ്റ്വെയര്‍ ആയാലും ലാപ്ടോപില്‍ ഉപയോഗിക്കാനുള്ള ഇന്‍റര്‍നെറ്റ് സംവിധാനമായാലും മൊബൈല്‍ കണക്ഷനായാലും- കിട്ടേണ്ട സ്രോതസ്സില്‍നിന്ന് അത് നേടിയെടുക്കുന്നതുവരെ മുട്ടാനുള്ള വാതിലുകളിലൊക്കെ മുട്ടാനുള്ള സ്ഥിരോത്സാഹവും നിശ്ചയദാര്‍ഢ്യവും -ആഫ്രിക്കന്‍ കരുത്തിന്‍െറ യഥാര്‍ഥ പ്രതിഫലനമാകുന്നു. അതിന് വിഘാതമായി നില്‍ക്കുന്നതെന്തും- നാം പറയാറുള്ള മുട്ടാപ്പോക്കുകള്‍, ന്യായീകരണങ്ങള്‍- ഒക്കെ അവരെ സംബന്ധിച്ചിടത്തോളം അപ്രസക്തങ്ങളായിരുന്നു. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു- ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടെയത്രയുംകൂടി വലുപ്പമില്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഒളിമ്പിക്സില്‍ സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടുമ്പോള്‍, നമ്മള്‍ സിംഹപ്രസവംപോലെ സംഭവിക്കുന്ന ഒന്നും ഒറ്റയും മെഡല്‍കൊണ്ട് തൃപ്തരാകുന്നത് എന്തുകൊണ്ടാണെന്ന്.

ഞാനീ കുറിപ്പെഴുതുമ്പോള്‍ ജെസിക്ക നൈറോബിയില്‍ മടങ്ങിയെത്തി, തിരികെ ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞിരുന്നു. ഡോക്ടറേറ്റ് നല്‍കുന്നതിനു മുമ്പുള്ള ഓപണ്‍ ഡിഫന്‍സ് എന്ന ചടങ്ങിനായി അവര്‍ കെനിയയില്‍ കാത്തിരിക്കുന്നു- ഒപ്പം അവരുടെ വരവിനായി ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളും.

No comments:

Post a Comment