Thursday, October 27, 2011

പറയാന്‍ മറന്നത്


                                                                  I

"അതേ, ഈ ആഴ്ച ഞാന്‍ വീട്ടില്‍ പോകുവാ...അടുത്ത  ആഴ്ച എപ്പഴാ ഫ്രീ ആകാന്‍ പറ്റുക" എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ചോദ്യ ഭാവത്തിലുള്ള ഇരുത്തിയ മൂളലായിരുന്നു.എന്തിനാണെന്ന് ആയിരിക്കും മൂളിയതിന്റെ അര്‍ഥം." ഒരു കാപ്പി കുടിക്കാനായിരുന്നു " എന്നു പറഞ്ഞപ്പോള്‍, ഉറക്കെയുള്ള ചിരിയാണ് അങ്ങേ തലയ്ക്കല്‍ നിന്ന് കേട്ടത്.ഉയരം എത്ര ഉണ്ടെന്നു ചോദിച്ചാല്‍ ശവപ്പെട്ടിക്കു അളവ് കൊടുക്കാനാണോ എന്നു റെഡി മെയിഡ് തര്‍ക്കുത്തരം പറയുന്നയാള്‍ ഏതായാലും "അതെന്താ, നിന്റെ നാട്ടില്‍ കാപ്പിക്കടയില്ലേ?" എന്നു ചോദിക്കാതിരുന്നത് ഭാഗ്യം."അന്നേ നീ എപ്പോഴോ വാ, വന്നിട്ടെന്നെ വിളിച്ചാല്‍ മതിയെന്ന്" പറഞ്ഞാണ് അന്ന് ഫോണ്‍  വച്ചത്.
തമ്മില്‍ കണ്ടിട്ട് രണ്ടു മാസമായെന്നും കാണാന്‍ തോന്നുന്നെന്നും  മാത്രം ഞാന്‍ പറയാന്‍ മറന്നു.           
                            
                                                              II

 "അന്നചേച്ചീ" എന്നുള്ള ഉറച്ച വിളിയെവിടുന്നാണെന്ന് മനസ്സിലാക്കിയെടുക്കാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു.സമയം ഇരുട്ടി തുടങ്ങിയിരുന്നു-ശരത്താണ്. ഇരുട്ടില്‍ നിന്ന് ശരത്തിനെ വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. അത്യാവശ്യം കുറച്ചു ഷോപ്പിംഗ്‌ കഴിഞ്ഞു, ഏഴു മണിക്ക് മുന്‍പ് ഹോസ്റ്റലില്‍ എത്താനുള്ള തിടുക്കത്തിലായിരുന്നു ഞാന്‍."എന്ത് ചേച്ചി, ഇരുട്ടുന്നതിനു മുന്‍പ് ഹോസ്റ്റലില്‍ കയറിക്കൂടെ " എന്നു പറഞ്ഞു റോഡ്‌  മുറിച്ചു കടന്നു ശരത് അടുത്തെത്തി കഴിഞ്ഞു."പിന്നേ ചേച്ചി, രാജീവണ്ണന്‍(ശരത്തിന് അദ്ദേഹം അണ്ണനാണ്) വിളിച്ചായിരുന്നോ ?" എന്നു ചോദിച്ചപ്പോള്‍ പെട്ടെന്ന് തോന്നിയ മറുപടി അങ്ങ് പറഞ്ഞു-"അണ്ണന്‍ കുറച്ചു തിരക്കിലാണെന്ന് തോന്നുന്നു, ഏതൊക്കെയോ പ്രൊജക്റ്റ്‌കള്‍ തീര്‍ത്തു കൊടുക്കാനുണ്ട്. അതിന്റെ ഓട്ടത്തിലാണ്"."എന്നാല്‍ വേഗം ചെല്ലെന്നു" പറഞ്ഞു ശരത് പിരിഞ്ഞു കഴിഞ്ഞപ്പോഴാണ് ഒരു മാസമായി വിളിക്കാത്ത അണ്ണന്റെ നമ്പര്‍ മൊബൈലില്‍ നിന്ന് ഞാന്‍ മായിച്ചു കളഞ്ഞതും പിന്നേ അത് അറം പറ്റുമെന്നുള്ള അന്ധ വിശ്വാസത്തില്‍ അതെ സ്പീഡില്‍ വീണ്ടും സേവ് ചെയ്യ്തതും ഞാന്‍ എന്ത് കൊണ്ട് പറയാന്‍ മറന്നെന്നു ഓര്‍ത്തത്‌.

                                                                    III

"ഹലോ, എവിടെയാ ?" എന്നു ചോദിക്കുമ്പോള്‍ ഞാന്‍ അല്‍പ്പം ഉച്ചത്തിലാണ് സംസാരിച്ചതെന്ന് തോന്നി-വണ്ടികളുടെ ബഹളത്തിനിടയില്‍ അങ്ങേ തലയ്ക്കല്‍ കേട്ടില്ലെങ്കിലോ എന്നു കരുതിയാണ്, ഉറച്ചു സംസാരിച്ചത്. "ഞാന്‍ ഇന്സ്ടിട്യുഇട്ടില് ആണെന്ന്" പറയുന്നതിനോടൊപ്പം  തന്നെ "നീ എവിടെ നില്കുന്നു" എന്ന ചോദ്യവും വന്നു."ഇന്നത്തെ സേവനമൊക്കെ കഴിഞ്ഞോ" എന്നു സങ്കോച്ചതോടെയാണ്  ഞാന്‍ ചോദിച്ചത്-മണി അഞ്ചു കഴിഞ്ഞിരുന്നു. "ഓ കഴിഞ്ഞു, നീ കോഫി ഹൌസിന്റെ അടുത്ത് നിലക്ക് , ഞാനിതാ വരുന്നു " എന്നു പറഞ്ഞു ഫോണ്‍ വയ്ക്കുമ്പോഴും ഇത്ര പെട്ടെന്ന് എത്തുമെന്ന് ഞാന്‍ കരുതിയില്ല. കോഫി  ഹൌസില്‍ എതിരെയുള്ള കസേരകളില്‍ ഇരുന്നു കാപ്പി കുടിക്കുമ്പോള്‍ തലേ ആഴ്ചയില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തനായി "തലമുടിയൊക്കെ വെട്ടി കുട്ടപ്പനായി "യിരിക്കുന്നെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ചെറുതായൊന്നു ചമ്മിയത് പോലെ -എന്തും വിളിച്ചു പറയാന്‍ ലൈസെന്‍സ് ഇല്ലാത്ത എന്‍റെ പ്രകടനം കണ്ടിട്ടായിരിക്കും. പറയുന്നവര്‍ക്ക് ഇല്ലെങ്കിലും കേള്‍ക്കുന്നവര്‍ക്കെങ്കിലും നാണം തോന്നണമല്ലോ."എന്ത് പറ്റി ഈ വഴി ഇറങ്ങാന്‍ " എന്നു എന്നോട് ചോദിച്ചപ്പോള്‍ ഓഫീസിലേക്ക് കുറെയധികം സാധനങ്ങള്‍ ഒരുമിച്ചു വാങ്ങാന്‍ എന്നു മാത്രം പറഞ്ഞു.

ഞാനൊരു ലോകേഷന്‍ തേടി ഇറങ്ങിയതാണെന്ന്-ആര്‍ത്തലച്ചു വീണു കരയാനും പിന്നെ മുഖം ചേര്‍ത്ത് ഉറങ്ങാനും പാകത്തിനൊരു നെഞ്ച്-അല്ലെങ്കില്‍ മുറുകെ പിടിക്കാനൊരു കൈ-ഇനിയുമതല്ലെങ്കില്‍ ചേര്‍ന്നിരുന്നു തല ചായിക്കാനൊരു ചുമല്‍-തേടി ഇറങ്ങിയതാണെന്ന്-മാത്രം പറയാന്‍ മറന്നു.

                                                                                     IV

"ഹലോ, തിരക്കിലാണോ", എന്നു ചോദിയ്ക്കാന്‍ കാരണം അങ്ങേ തലയ്ക്കല്‍ നിന്ന് കേട്ട സ്വരങ്ങളായിരുന്നു-ഏതോ സമ്മേളന വേദിയില്‍ നില്‍ക്കുന്നത് പോലെ. "ഇല്ല, നീ പറയു ", എന്നു പ്രോത്സാഹിപ്പിച്ചത് കൊണ്ട് മാത്രം കുറെ കുശലങ്ങള്‍ അന്വേഷിച്ചു-അമ്മുവിന്‍റെ ജോലി കാര്യം, സഞ്ജയ്യുടെ ചികിത്സയുടെ കാര്യം, പാര്‍ട്ടി കാര്യങ്ങള്‍, ഏറ്റെടുത്തിരിക്കുന്ന പ്രൊജക്റ്റ്‌കളെ ക്കുറിച്ച്.ഏതോ കല്യാണ റിസപ്ഷനില്‍ പങ്കെടുക്കുക ആണെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. കുറച്ചു ഫ്രീ ആണെന്ന് തോന്നിയത് കൊണ്ടാണ് സംസാരിക്കാമെന്ന് വച്ചത് തന്നെ. പക്ഷെ അവിടുത്തെ ശബ്ദ കോലാഹലങ്ങള്‍ അധികമായപ്പോള്‍ "ശരി , പിന്നെ" എന്ന്  പറഞ്ഞു ഫോണ്‍ വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് "അയ്യോ , ഞാന്‍ വിളിച്ചത് ഒരു കാര്യം ചോദിക്കാനായിരുന്നു" എന്നു പറഞ്ഞു ഞാന്‍ ഇടപെട്ടത്. "എന്നിട്ട് നീ അത് മാത്രം പറയാന്‍ മറന്നോ" എന്നു ചോദിക്കുമ്പോള്‍ അപ്പപ്പോഴായി പറയാന്‍ മറന്നതിന്റെ എല്ലാം കണക്കെടുക്കുക ആയിരുന്നു  മനസ്സില്‍  ഞാന്‍. "ഡല്‍ഹി യുനിവേര്സിടിയില്‍ അടുത്ത പരിചയക്കാര്‍ ഉണ്ടോ എന്നറിയാനായിരുന്നു " എന്നു പറഞ്ഞു തീരുന്നതിനു മുന്‍പേ മറുപടി വന്നു. "നമ്മുടെ മൂന്നാല് പിള്ളേര്‍ അവിടുണ്ട് . എന്താണ് വിഷയം, നീ പറ"."അല്ല, വിശ്വസനീയമായ കുറച്ചു വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു " എന്നു പറഞ്ഞപ്പോള്‍ ഉടനെ വന്നു കമന്റ്‌, "എന്ത്, ആരെങ്കിലും വന്നു കണ്ടിട്ട് പോയോ ?"-എന്തൊരു കൃത്യത, കാര്യങ്ങള്‍ ഊഹിക്കുന്നതില്‍ .വിശദ വിവരങ്ങള്‍ പിന്നീട് പറയാമെന്നു പറഞ്ഞു ഫോണ്‍ വെക്കുമ്പോഴും  ശരിക്കും  വിളിച്ചതെന്തിനാണെന്ന്  ഞാന്‍ തന്നെ മറന്നു പോയിരുന്നു. പിന്നീടാണ് ഞാന്‍ ഓര്‍ത്തെടുത്തത്‌-തലേന്ന് ഞാന്‍ വിളിക്കുമ്പോള്‍ നമ്പര്‍ ബിസി. കാള്‍ വെഇട്ടിംഗ് കണ്ടു തിരിച്ചു വിളിക്കുമെന്ന് കരുതി. പിന്നെ അങ്ങോട്ട്‌ വിളിച്ചു ശല്യപ്പെടുത്തിയില്ല. സാധാരണ വിളിക്കുന്ന പത്ര മണി സമയം വരെ കാത്തു.  പിന്നെയും നിരാശ ബാക്കിയായപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യ്തു. ഇനി വിളിക്കുകയാണെങ്കില്‍  കിട്ടണ്ട. രാവിലെ മിസ്കാള്‍ മെസ്സേജ് പ്രതീക്ഷിച്ചു ഫോണ്‍ ഓണ്‍ ചെയ്യ്തപ്പോഴും നിരാശ ഫലം.തിരക്കധികമില്ലാത്ത രാവിലെ വിളിക്കുമെന്ന് കാത്തിട്ടും രക്ഷയില്ലാതായപ്പോഴാണ്-അതായത് ഇരുപത്തി നാല് മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനും കിരുകിരുപ്പിനും ശേഷമാണ്- വിളിച്ചതെന്ന് പറയാനാണ് ഞാന്‍ മറന്നതെന്ന്.

                                                                    V

അനിയത്തിയോടൊപ്പം ഉറങ്ങാന്‍ കിടന്ന ഞാന്‍ എപ്പോഴാണ് ആ ഗുഹയില്‍ എത്തിപ്പെട്ടതെന്നറിയില്ല-കറുകറുത്ത ഇരുട്ടും തണുപ്പും നിറഞ്ഞ,നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത ഒരു മാളം.ശ്വാസമേ കിട്ടുന്നില്ല.   കഷ്ടിച്ച് എനിക്ക് കാലുറപ്പിച്ചു നില്‍ക്കാനുള്ള സ്ഥലം മാത്രം. കാണേ കാണേ ഞാന്‍ നില്‍ക്കുന്നിടത്ത് വെള്ളം പൊങ്ങി പൊങ്ങി വരുന്നത് പോലെ. വെള്ളം നെഞ്ചിനും മുകളില്‍ ആയപ്പോഴാണ് എനിക്ക് അടി തെറ്റിയതെന്ന് തോന്നുന്നു. ശ്വാസം മുട്ടിതുടങ്ങിയിരുന്നു. സാധാരണ ഉപയോഗിക്കാറുള്ള ഇന്ഹലെരും തപ്പാന്‍ തോന്നിയില്ല. വീട്ടിലെല്ലാവരും നല്ല ഉറക്കമാണെന്ന് അറിയാം. അത് കൊണ്ട് തന്നെ ആരെയും വിളിച്ചു ശല്യപ്പെടുത്തില്ലാ എന്നു തീരുമാനിച്ചു. ആരെയെങ്കിലും വിളിച്ചു ഉണര്‍ത്താന്‍  തൊണ്ടയില്‍ നിന്ന് സ്വരം പുറത്തു വന്നിട്ട് വേണ്ടേ ?മരിക്കാന്‍ പോവുകയാണെന്ന് ഉള്ളത് ഏതാണ്ട് ഉറപ്പായിരുന്നു.അപ്പോഴാണ്‌ ഓര്‍ത്തത്‌-രണ്ടു മൂന്നു കാര്യങ്ങള്‍ പറഞ്ഞു ഏല്‍പ്പിക്കാനുണ്ടായിരുന്നു.  "ഏതായാലും  മരിക്കാന്‍ പോവുകയാണ് .അപ്പോള്‍ പിന്നെ ബാക്കി  കാര്യങ്ങളൊക്കെ തൈക്കാട് മതി (നാട്ടില്‍  പള്ളി സെമിത്തേരിയില്‍ കുടുംബ കല്ലറക്ക് മുപ്പതിനായിരം രൂപയാണ് വില, തൈക്കാടാകുമ്പോള്‍ കുറച്ചു  ചിലവില്‍ കാര്യങ്ങള്‍  ഒതുങ്ങും). പിന്നെ വര്‍ഷാവര്‍ഷം കര്‍മ്മങ്ങള്‍ ഒക്കെയായി കര്‍ക്കിടകതിലൊരു  ബലി. പിന്നെ ഞാന്‍ മരിച്ചു കഴിഞ്ഞാലും എന്നെ വിളിക്കുകയും എസ്‌.എം. എസ്‌  ചെയ്യുകയും ഒക്കെ വേണം". മുഴുവനും കേട്ട് കഴിഞ്ഞപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു, "ആദ്യം പറഞ്ഞ രണ്ടും നമുക്ക് നടപ്പില്‍  വരുത്താം. പക്ഷെ മരിച്ചവരുമായി ആശയ വിനിമയം നടത്താന്‍ നമ്മുടെ സാങ്കേതിക വിദ്യക്ക് ചില പരിമിതികള്‍ ഇപ്പോഴുള്ളത് കൊണ്ട് മൂന്നാമത്തെ ആവശ്യം എങ്ങനെ പരിഗണിക്കും. നീ ഒരു കാര്യം ചെയ്യൂ, ഇതൊന്നു പ്രമാണതിലാക്ക്. നമുക്ക് നടപ്പിലാക്കാന്‍ പിന്നെ എളുപ്പമുണ്ടല്ലോ" എന്നു പറഞ്ഞു ഫോണ്‍ കട്ടാകുമ്പോഴേക്കും ഞാന്‍ വിയര്‍ത്തു കുളിച്ചിരുന്നു, നേരവും വെളുപ്പാകാറായിരുന്നു.അനിയത്തി ഒന്നും അറിയാതെ സുഖമായി ഉറങ്ങുന്നു.
പിറ്റേന്ന് പറഞ്ഞു ചിരിക്കാന്‍, ഒരു പാട് ചിരിക്കാന്‍ പുതുമയുള്ള ഒരു സ്വപ്നമായി അത് കടന്നു പോയി.അപ്പോഴും ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു-പലപ്പോഴായി പറയാന്‍ മറന്നതിനെ ഒക്കെയും പെറുക്കി കൂട്ടി സൂക്ഷിച്ച്, പലവുരു കാച്ചിക്കുറുക്കി, സമര്‍ത്ഥമായി,കൃത്യമായി,ഭംഗ്യന്തരേണ പറഞ്ഞു ഒപ്പിക്കാനുള്ള ഉപ ബോധ മനസ്സിന്റെ വൈധഗ്യമോര്‍ത്തു...

തൈക്കാട് വൈദ്യുത ശ്മശാനം.